കെ.ടി ഒരു നിര്‍ഝരിയായിരുന്നു. ഓര്‍മയില്‍നിന്ന് വേഗമൊന്നും മാഞ്ഞുപോകാത്ത, നിലക്കാത്ത നിര്‍ഝരി. പുതിയ പുതിയ ആശയങ്ങളും ചിന്തകളും ആ നിര്‍ഝരിയില്‍ നിന്ന് ഒഴുകിക്കൊണ്ടേയിരുന്നു. അസാധാരണമായ ആ വ്യക്തിത്വത്തെക്കുറിച്ച് പലപ്പോഴും വിസ്മയത്തോടെ ഓര്‍ക്കാറുണ്ട്. മുടി നീട്ടി വളര്‍ത്തിയ കൃശഗാത്രനായ ആ അഗാധജ്ഞാനിയെ നാല്‍പതു വര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്. വിനീതമായ പെരുമാറ്റം. അതിനേക്കാള്‍ ലളിതമായ ജീവിതം. ഏതു പ്രകൃതിയിലും ആരോടും ഇണങ്ങുന്ന പ്രകൃതം. പക്ഷേ, ആ എളിമക്കും ലാളിത്യത്തിനും അത്ഭുതകരമായ ഒരു വശ്യതയുണ്ടായിരുന്നു. കെ.ടി എവിടെയെത്തിയാലും അവിടെ ഒരു ശൈഖ്- മുരീദ് ബന്ധം രൂപപ്പെട്ടുവരും. ജനങ്ങളില്‍ ഒരു വിഭാഗം അതിവേഗം അദ്ദേഹത്തിന്റെ മുരീദുമാരായി മാറും. ഇത് വിവരക്കേടില്‍ നിന്നുണ്ടാവുന്ന ആരാധനാഭാവമല്ല. പഴയ സൂഫി ശൈഖുമാരും മുരീദുമാരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം തന്നെ.
1968-ല്‍ ഒരു രാത്രി ആലപ്പുഴയിലെ മര്‍ഹൂം ഹമീദ് സാഹിബിന്റെ കൂടെ ഹരിപ്പാടുപോയി. അവിടെ ജമാഅത്തിന്റെ ഒരു ചെറിയ നമസ്കാരപ്പള്ളിയുണ്ടായിരുന്നു. നോമ്പ് കാലമാണ്. രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞ് കുശലം പറയാന്‍ കൂടിയിരിക്കുമ്പോള്‍ ഒരാള്‍ തുടക്കം കുറിച്ചത് കെ.ടി സ്മരണ കൊണ്ടായിരുന്നു: "കഴിഞ്ഞ റമദാന്‍. അതൊരനുഭവം തന്നെയായിരുന്നു. കെ.ടിയുടെ ഖിറാഅത്തും ക്ളാസ്സുകളും. റമദാന്‍ തീര്‍ത്തും ഭക്തിമയമായി.'' കൂടിയിരുന്നവരൊക്കെ ആ ഭക്തിപൂര്‍ണമായ അനുസ്മരണത്തില്‍ പങ്കുചേര്‍ന്നു. അതിനു മുമ്പ് ആലപ്പുഴയില്‍ വെച്ചുതന്നെ കെ.ടിയുടെയും കുടുംബത്തിന്റെയും ത്യാഗപൂര്‍ണമായ ജീവിതകഥ പലരും അനുസ്മരിച്ച് കേട്ടിട്ടുണ്ടായിരുന്നു.
ഒരേ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം ഒരു പ്രദേശത്തുനിന്ന് മൂന്നു തവണ ഞാന്‍ കേട്ടിട്ടുണ്ട്. മൂന്നിലും ഏറെക്കുറെ ഒരേ കാര്യങ്ങള്‍ തന്നെ. പക്ഷേ, സദസ്യര്‍ ഓരോ തവണയും പുതുമയോടെ അതാസ്വദിക്കുന്നു. ഒരു വൈരസ്യവും ആരും പ്രകടിപ്പിക്കുന്നില്ല. എന്താണിതിന്റെ കാരണം? എവിടെയാണീ ആകര്‍ഷണീയത? വിഷയങ്ങളുടെ അവതരണത്തില്‍ പ്രകടമാവുന്ന ആര്‍ജവത്തിലും ആത്മാര്‍ഥതയിലുമാണോ? ലാളിത്യത്തിലാണോ? ഭാഷാ സൌകുമാര്യത്തിലാണോ? ശൈലിയിലാണോ? എല്ലാംകൂടി ഒന്നുചേരുന്നതിലാണോ? ഇന്നും എനിക്കത് മനസ്സിലായിട്ടില്ല. പക്ഷേ, ഏത് എതിരാളിയെയും അതാകര്‍ഷിച്ചിരുന്നുവെന്നത് സത്യം.
കെ.ടി ഒരു ചിന്തകനായിരുന്നു. ശാന്തപുരം അല്‍ജാമിഅയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തുമ്പോള്‍ പലപ്പോഴും തമ്മില്‍ കാണാറുണ്ട്. ചിലപ്പോഴൊക്കെ ഞാന്‍ വല്ലതും വായിച്ചുകൊണ്ടിരിക്കയാവും. കണ്ടാലുടനെ കയറി വന്നു കെ.ടി പറയും: "വായന കുറച്ച് ചിന്ത വര്‍ധിപ്പിക്കുക.'' കെ.ടിയുടെ ചിന്തകള്‍ എന്നെ ഒട്ടധികം ആകര്‍ഷിച്ചിട്ടുണ്ട്. ചെറിയ ഒരു ഉദാഹരണം. അധ്യാപകര്‍ മാത്രമല്ല രക്ഷിതാക്കളും പത്തു വയസ്സു വരെ കുട്ടികളെ അടിക്കാന്‍ പാടില്ലെന്ന് കെ.ടി പറയുമായിരുന്നു. നമസ്കാരത്തിന്റെ പേരില്‍ പത്തു വയസ്സെത്തിയാല്‍ കുട്ടികളെ അടിക്കണമെന്ന നബി(സ)യുടെ കല്‍പനയാണ് കെ.ടിക്ക് ഇതിന് തെളിവ്. കല്‍പനയുടെ വിപരീത ധ്വനി പത്തു വയസ്സിനു മുമ്പ് അടിക്കരുതെന്ന് തന്നെയാണല്ലോ.
എന്നാല്‍ കെ.ടിയുടെ കണ്ടെത്തലുകള്‍ എല്ലാം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇതര മതസ്ഥരെ പ്രബോധനം ചെയ്ത് ഇസ്ലാമിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം മതക്കാരെ അവരവരുടെ മതങ്ങളനുസരിച്ച് ജീവിക്കാന്‍ വിടുകയും ആധുനിക സാമ്പത്തിക, രാഷ്ട്രീയ ചിന്താധാരകളിലുള്ളവരെ ഇസ്ലാമിന്റെ രാജപാതയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടതെന്ന് ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ചുകൊണ്ട് കെ.ടി സമര്‍ഥിക്കാറുണ്ടായിരുന്നു. ഇതുപോലെ സകാത്തിന്റെയും ഹജ്ജിന്റെയും കാര്യങ്ങളിലെല്ലാം കെ.ടിയുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ പ്രസിദ്ധങ്ങളാണ്.
ചിന്തകരില്‍ ഒറ്റയാനായ കെ.ടിക്ക് വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനത്തിലെന്നപോലെ കര്‍മശാസ്ത്രത്തിലും പുതിയ പല കാഴ്ചപ്പാടുകളുമുണ്ടായിരുന്നു. പലതും കാലത്തിനു മുമ്പിലായിരുന്നതിനാല്‍ സാധാരണ ജനങ്ങളോടത് പറയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ ഒറ്റക്കിരുന്ന് സംസാരിച്ചാല്‍ പലതും പുറത്തുവരും. എല്ലാം വളരെ കൌതുകകരമായിരുന്നു. മാത്രമല്ല, പ്രഥമ ശ്രവണത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നമുക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് ശരിയായിരുന്നെങ്കില്‍ എന്നാരും മോഹിച്ചുപോകും.
പണ്ഡിത കുടുംബത്തില്‍ ജനിച്ച കെ.ടി ആദ്യം മുതലേ പുരോഗമനവാദിയായിരുന്നുവെന്നാണ് അക്കാലത്തദ്ദേഹത്തിന്റെ ദര്‍സില്‍ ഓതിയിരുന്ന ശിഷ്യന്മാര്‍ പറയുന്നത്. മൌലിദ്, റാത്തീബ് പോലെയുള്ള അന്ധവിശ്വാസാധിഷ്ഠിതമായ പരിപാടികള്‍ക്കൊന്നും അദ്ദേഹം തന്റെ വിദ്യാര്‍ഥികളെ പോകാന്‍ അനുവദിക്കുമായിരുന്നില്ലത്രെ. അദ്ദേഹം വഹാബിയാണെന്നായിരുന്നു അന്ന് ശിഷ്യഗണം അടക്കം പറഞ്ഞിരുന്നത്. കെ.ടി എന്നും സത്യവാനായിരുന്നു. മറ്റു പല പണ്ഡിതന്മാരെയും പോലെ താല്‍പര്യങ്ങള്‍ക്കു വേണ്ടി സത്യം മറച്ചുവെക്കാന്‍ ഒരിക്കലുമദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സ്വയം മനസ്സിലാക്കിയ സത്യം യാഥാസ്ഥിതിക പണ്ഡിത സഹോദരന്മാരുള്‍ക്കൊള്ളുന്ന കുടുംബത്തെ യുക്തിസഹമായ സംവാദത്തിലൂടെ ബോധ്യപ്പെടുത്തി അവരെ ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
ചിന്തയില്‍ പുലര്‍ത്തിപ്പോന്ന തനിമ കൊണ്ടായിരിക്കാം പ്രസ്ഥാനത്തിന്റെ തന്നെ ചില നയങ്ങളോടൊന്നും എപ്പോഴും കെ.ടിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉചിതമായ വേദികളില്‍ അതദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ തന്റെ വ്യക്തിപരമായ വിയോജിപ്പ് കൂട്ടായ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നദ്ദേഹത്തെ ഒരിക്കലും അകറ്റിയിരുന്നില്ല. അങ്ങനെ ഊര്‍ജസ്വലനായ ഒരു നേതാവും ഒപ്പം വിനീതനായ ഒരനുയായിയുമായിരുന്നു കെ.ടി. അതാണല്ലോ മാതൃക.